ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷണ പ്രവര്‍ത്തകന്‍റെ കാറിടിച്ച് പശുക്കുട്ടി ചത്തു. ഗോസംരക്ഷണം പ്രധാനലക്ഷ്യമാക്കിയ ഹിന്ദു യുവ വാഹിനിയുടെ ജില്ലാ കണ്‍വീനര്‍ സഞ്ചിരിച്ചിരുന്ന കാര്‍ ഇടിച്ചാണ് ഒരുവയസ്സുള്ള പശുക്കുട്ടി ചത്തത്. നിവാഡയിലാണ് സംഭവം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഹിന്ദു യുവ വാഹിനിയുടെ സ്ഥാപകന്‍.

സംഭവത്തില്‍ പശുക്കുട്ടിയുടെ ഉടമസ്ഥ രാജ്‌റാണിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകുന്നേരം ഏഴരയോടെ മദ്യശാലയ്ക്കടുത്ത് നിന്നും ഒരു കൂട്ടം ആളുകള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് വരികയും അടുത്ത് കെട്ടിയിട്ടിയിട്ടിരിക്കുകയായിരുന്ന പശുക്കുട്ടിയെ ഇടിക്കുകയായിരുന്നുവെന്നുമാണ് പരാതി. ഇരുപത് മീറ്ററോളം ദൂരത്തില്‍ കാര്‍ പശുക്കുട്ടിയെ വലിച്ചിഴച്ചു എന്നും കാറിന്‌റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും കാറില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു.

ഹിന്ദു യുവ വാഹിനിയുടെ ലഖ്‌നൗ ജില്ലാ കണ്‍വീനര്‍ അഖണ്ഡ് പ്രതാപ് സിംങിന്‌റെയാണ് കാര്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തല്ലിപ്പൊളിച്ചു. മദ്യശാലയ്‌ക്കെതിരേ പ്രതിഷേധപ്രകടനവും നടത്തി. എന്നാല്‍ കാറിന്‌റെ ഉടമസ്ഥന്‍ ആരാണെന്നറിയാന്‍ പ്രാദേശിക ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.