മുഖ്യമന്ത്രി അഖിലേഷ് യാദവ് വിളിച്ച എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗത്തിലാണ് ശിവ്പാൽയാദവിനെ പുറത്താക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിൽക്കുന്നവരെ പിന്തുണക്കാൻ കഴിയില്ലെന്ന് യോഗത്തിൽ അഖിലേഷ് യാദവ് പറഞ്ഞു. അമർസിംഗുമായുള്ള ബന്ധമാണ് അഖിലേഷിന്‍റെ അതൃപ്തിക്ക് കാരണം. 

യുവനേതാവ് ഉദയ് വീര്‍ സിംഗനെ ഇന്നലെ പാർട്ടി സംസ്ഥാനഅധ്യക്ഷൻ ശിവ്പാൽ യാദവ് പുറത്താക്കിയാതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. ശിവാപാൽ യാദവിനെ പിന്തുണക്കുന്ന ഗായത്രി പ്രജാപതി, ഓം പ്രകാശ് യാദവ്, ശാർദാ ഫാത്തിക നാരദ റായി എന്നീ മന്ത്രിമാരെയും മുഖ്യമന്ത്രി പുറത്താക്കി. 

ഇതിൽ ഗായത്രി യാദവിനെ നേരത്തെ മന്ത്രിസഭിയിൽ നിന്നും പുറത്താക്കിയ ശേഷം മുലായം സിംഗ് ഇടപെട്ട് വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ്. സംസ്ഥാനഫിലിം പ്രമോഷൻ ബോർഡ് അധ്യക്ഷസ്ഥാനത്ത് നിന്നും ജയപ്രദയെയും പുറത്താക്കി. 

എംഎൽഎമാരുടെ യോഗത്തിന് തൊട്ട് മുൻപ് അഖിലേഷ് യാദവ് മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തി നടപടികളെക്കുറിച്ച് വിവരിച്ചിരുന്നു. പുതിയ സാഹചര്യം ചർച്ച ചെയ്യാൻ മുലായം സിംഗ് യാദവ് പാർട്ടി നേതാക്കളുടെ അടിന്തരയോഗം വിളിച്ചു. 

പാർട്ടി പിളർപ്പിലേക്ക് പോകുന്ന സാഹചര്യം തടയാൻ മുലായത്തിന് കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിയിലെ പൊട്ടിത്തെറി സമാജ്‌വാദി പാർട്ടിയിലെ അനുയായികൾ ആശങ്കയോടെയാണ് കാണുന്നത്.