ദില്ലി: ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ ആശങ്കയുമായി ചൈന. ബി.ജെ.പിയുടെ മുന്നേറ്റം ചൈനയെ സംബന്ധിച്ച് ശുഭവാര്‍ത്തയല്ലെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ബി.ജെ.പിയുടെ മുന്നേറ്റം അന്താരാഷ്ട്ര കരാറുകള്‍ ദുഷ്‌കരമാക്കുമെന്ന് പത്രം വിലയിരുത്തുന്നു. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ക്കശ നിലപാട് കൂടുതല്‍ കര്‍ക്കശമാകുന്നതിന് മാത്രമേ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉപകരിക്കൂ എന്നും ഗ്ലോബല്‍ ടൈംസ് കൂട്ടിച്ചേര്‍ത്തു. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ബി.ജെ.പി തന്നെ വിജയിക്കുമെന്ന് ഇന്ത്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് പറയുന്നു. അന്താരാഷ്ട്ര വിഷയങ്ങളില്‍ പക്ഷം പിടിക്കാതെയുള്ള ഇന്ത്യയുടെ നിലപാട് മോഡി വന്നതിന് ശേഷം മാറ്റിയിരുന്നു. 

അടുത്ത തെരഞ്ഞെടുപ്പ് കൂടി മോഡി വിജയിച്ചാല്‍ അദ്ദേഹത്തിന്റെ ഇത്തരം കര്‍ക്കശ നിലപാടുകള്‍ തുടരുമെന്നും ഗ്ലോബല്‍ ടൈംസ് ആശങ്കപ്പെടുന്നു. മറ്റ് രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളില്‍ മോഡിയുടെ കര്‍ക്കശ നിലപാട് വിഘാതം സൃഷ്ടിക്കുമെന്നും പത്രം കൂട്ടിച്ചേര്‍ത്തു. 

ഇന്തോ-ചൈന അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്കൊപ്പം മോഡി ദീപാവലി ആഘോഷിച്ചത്ചൂണ്ടിക്കാട്ടിയാണ് ഗ്ലോബല്‍ ടൈംസ് ആശങ്ക പ്രകടിപ്പിക്കുന്നത്. യു.എസുമായും ജപ്പാനുമായും മോഡി പ്രതിരോധ മേഖലയില്‍ സഹകരണത്തിന് തയ്യാറായതും ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അദ്ദേഹം യു.എസിന്റെ നിലപാടിനെ പിന്തുണച്ചതും ചൈനയെ ആശങ്കപ്പെടുത്തുന്നു.