ലഖ്‌നൗ: പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിനെ എതിര്‍ത്തതിന് പതിനഞ്ചുകാരിയുടെ വലതുകൈ വെട്ടിമാറ്റി. ഉത്തര്‍പ്രദേശിലെ ഷാജഹന്‍പുരില്‍ ലഖിംപുര്‍ ഖേരി മാര്‍ക്കറ്റില്‍ പൊതുജനമധ്യത്തില്‍ വച്ചായിരുന്നു സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഒരുയുവാവ് നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. 

എന്നാല്‍ പെണ്‍കുട്ടി ശല്യപ്പെടുത്തലിനെ ശക്തമായി എതിര്‍ത്തു. ഇതില്‍ പ്രകോപിതനായാണ് യുവാവ് വാള്‍ കൊണ്ട് കുട്ടിയുടെ വലത് കൈ വെട്ടിമാറ്റിയത്. വെല്‍ഡിങ് കടയിലെ ജീവനക്കാരനായ യുവാവ് ഇവിടെ നിന്നാണ് വെട്ടാനുള്ള വാളെടുത്തത്. 

പെണ്‍കുട്ടിയെ ഉടനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ലക്‌നൗവിലെ ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ പൊലീസ് പിടികൂടി. ഇയാളും പെണ്‍കുട്ടിയും ഒരേ പ്രദേശത്താണു താമസിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.