ഉത്തരാഖണ്ഡില്‍ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും ഒമ്പത് പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷികേശ്-കേദാര്‍നാഥ് ദേശീയ പാതക അടച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ് ഉത്തരാഖണ്ഡില്‍. മേഘസ്ഫോടനത്തെ തുടര്‍ന്ന് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ഋഷികേശില്‍ നിന്ന് കേദാനാര്‍ഥിലേക്കുള്ള റോഡ് പലയിടങ്ങളിലും തകര്‍ന്നു. ദേവപ്രയാഗിന് അടുത്ത് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഋഷികേശ് ദേശീയ പാത അടച്ചു. ഇതുവരെ ഒമ്പത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 25 പേരെങ്കിലും അപകടത്തില്‍പെട്ടതായാണ് സൂചന. ബസ്താഡി മേഖലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പിത്തോര്‍ഘട്ടില്‍ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായുള്ള സൂചനകളും ലഭിക്കുന്നു. ദുരന്ത നിവാരണ സേനയെ സ്ഥലത്തെത്തിയിട്ടുണ്ട്. കഴി‌ഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയാണ് ഉണ്ടായത്. അടുത്ത നാല് ദിവസം കൂടി ഇതേരീതിയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 2013 ജൂണ്‍ മാസത്തിലാണ് രാജ്യത്തെ നടുക്കിയ ഉത്തരാഖണ്ഡ് ദുരന്തം ഉണ്ടായത്. അയ്യായിരത്തിലധികം ആളുകള്‍ക്കാണ് അന്ന് ജീവന്‍ നഷ്‌ടമായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.