മലമുകളിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ഉത്തരാഖണ്ഡിലെ രണ്ടാമത്തെ സംഭവം
ഉത്തരാഖണ്ഡ്: കുഴഞ്ഞ് വീണ വൃദ്ധനെ രണ്ട് കിലോമീറ്റർ ദൂരം തോളിൽ ചുമന്ന് പൊലീസ് ഓഫീസർ ആശുപത്രിയിലെത്തിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. സബ് ഇൻസ്പെക്ടർ ലോകേന്ദ്ര ബഹുഗുണയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ വൃദ്ധനെ രക്ഷിച്ചത്. സമാനമായ സംഭവം കഴിഞ്ഞ ദിവസവും ഉത്തരാഖണ്ഡിൽ നടന്നിരുന്നു. ആൾക്കൂട്ടം തല്ലിച്ചതച്ച് മൃതപ്രായനാക്കിയിട്ടിരുന്ന ഇർഫാൻ എന്ന യുവാവിനെ ഗംഗാദീപ് സിംഗ് എന്ന പൊലീസുകാരൻ ഇടപെട്ട് ആശുപത്രിയിലെത്തിച്ചിരുന്നു. മനുഷ്യത്വത്തിന്റെയും ദയയുടെയും ആൾരൂപം എന്ന് സോഷ്യൽ മീഡിയ പുകഴ്ത്തുന്നതിനിടയിലാണ് ഈ സംഭവം.
ബൈറോ ഘട്ടിയിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു ലോകേന്ദ്ര ബഹുഗുണ. അപ്പോഴാണ് മധ്യപ്രദേശിൽ നിന്നുള്ള ട്രക്കിൽ നിന്നും രഞ്ജി രാജക് എന്നയാൾ നെഞ്ചു വേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ആദ്യം കുതിരപ്പുറത്ത് അയാളെ ഇരുത്താൻ ശ്രമിച്ചെങ്കിലും വേദന മൂലം കഴിഞ്ഞില്ല. പിന്നീടാണ് ഹെൽത്ത് സെന്ററിലേക്ക് തോളിലേറ്റി കൊണ്ടുപോകാം എന്ന് തീരുമാനിക്കുന്നത്. ഉത്തരാഖണ്ഡ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ എന്നാണ് ഈ രണ്ട് സംഭവങ്ങളെയും മേലധികാരികൾ വിശേഷിപ്പിച്ചിരിക്കുന്നത്.
