ദില്ലി: ഉസ്ബക് സ്വദേശിനിയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി ആറ് മാസത്തോളം ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. ഡല്‍ഹിയിലെ മെഹ്‌റൗലി സ്വദേശിയായ യുവാവാണ് പീഡിപ്പിച്ചത്. വെള്ളിയാഴ്ച യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സോനു എന്ന സുമിത്ത് എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഇയാള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഉസ്ബക് സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നു. ഗുഡ്ഗാവിലെ ഐ.ടി കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് എന്ന വ്യാജേനയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തിയത്. എയര്‍പോര്‍ട്ടില്‍ എത്തി യുവതിയെ സ്വീകരിച്ച യുവാവ് മെഹ്‌റൗലിയിലെ ഒരു വീട്ടില്‍ കൊണ്ടുവന്ന് അവരെ താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ടും പണവും പിടിച്ചു വാങ്ങിയ ശേഷമായിരുന്നു പീഡനം.
ലൈംഗിക പീഡനം നടന്നതായി യുവതിയുടെ വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇയാള്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഒരു മാസത്തിനിടെ ലൈംഗിക പീഡനത്തിനിരയാകുന്ന രണ്ടാമത്തെ ഉസ്ബക് സ്വദേശിനിയാണിത്. മാര്‍ച്ച് 15ന് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ഒരു ഉസ്ബക് സ്വദേശിനി പീഡനത്തിനിരയായിരുന്നു.
