തന്റെ പ്രസംഗങ്ങള്‍ പുസ്തകരൂപത്തിലാക്കണമെന്ന ആഗ്രഹം സഫലമാകാതെയാണ് ഉഴവൂര്‍ വിജയന്‍ യാത്രയായത്. പുസ്തകപ്രസിദ്ധീകരണം അവസാനഘട്ടിലായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ അസുഖം ബാധിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് കൂട്ടുകാര്‍ ഇപ്പോള്‍.
സരസമായ അവതരണത്തിലൂടെ ജനങ്ങളെ കയ്യിലെടുക്കുന്ന ഉഴവൂര്‍ വിജയന്റെ പ്രസംഗങ്ങള്‍ പുസ്തരൂപത്തിലാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കുര്യന്‍ തോമസാണ്. നിര്‍ദ്ദേശം കേട്ടയുടന്‍ ഉഴവൂര്‍ വിജയന്‍ ആവേശത്തിലായി.
കുര്യന്‍ തോമസും മാധ്യമപ്രവര്‍ത്തകന്‍ പി ബി ബാലുവും ചേര്‍ന്ന് പ്രസംഗങ്ങള്‍ ക്രോഡീകരിച്ചു. കാരിക്കേച്ചര്‍ പ്രസന്നന്‍ ആനിക്കാടിനെ ഏല്‍പ്പിച്ചു. ഉഴവൂര്‍ തന്നെ പ്രസംഗങ്ങളില്‍ ചിലത് എഴുതിക്കൊടുത്തു. സി കെ ജീവന്‍ സ്മാരകട്രസറ്റ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ഉഴവൂരിനെപ്പോലെ കെഎസ്‍യുവില്‍ തുടങ്ങി പിന്നീട് ഇടതുപക്ഷത്തെത്തി കെ എം മാണിക്കെതിരെ മത്സരിച്ച സി കെ ജീവന്റെ പേരിലുള്ള ട്രസ്റ്റില്‍ എല്ലാ രാഷ്‌ട്രീയനേതാക്കളുമുണ്ട്. ഉഴവൂരിന്റെ വിമര്‍ശനം കൂടുതലും യുഡിഎഫ് നേതാക്കള്‍ക്കെതിരായതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പിന്നീട് എന്‍സിപിയുടെ പ്രസിഡന്റായതോടെ തിരക്കായി. ഉഴവൂരിന്റെ ആഗ്രഹം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും സാക്ഷാത്ക്കരിക്കാനുള്ള നീക്കത്തിലാണ് സുഹൃത്തുക്കള്‍.
