നിലമ്പൂര്‍ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കത്ത്. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച്/ മജിസ്റ്റീരിയല്‍ അന്വേഷണങ്ങള്‍ സത്യം കണ്ടെത്തുന്നതിന് തികച്ചും അപര്യാപ്തമാണെന്ന് വി എം സുധീരന്‍ പറയുന്നു. പൊലീസ് നടപടിയെക്കുറിച്ച് ദുരൂഹതകളും സംശയങ്ങളും ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ പൊലീസിന്റെ തന്നെ മറ്റൊരു വിഭാഗമായ ക്രൈംബ്രാഞ്ച് ഇക്കാര്യം അന്വേഷിച്ചാല്‍ അതിനു വിശ്വാസ്യത ഉണ്ടാകില്ലെന്നും വി എം സുധീരന്‍ കത്തില്‍ പറയുന്നു.


നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിനെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ സർക്കാർ ഇന്ന് ഉത്തരവിട്ടിരുന്നു. പെരിന്തൽ മണ്ണ  സ്ബകളക്ടർ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏറ്റുമുട്ടലിൽ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. ഇതിനിടെ വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തെ ബലപെടുത്തുന്ന കണ്ടെത്തലുകളാണ്  മൃതദേഹ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞത്.
 
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തമാകുന്നതിനിടെയാണ് സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട്  ക്രൈം ബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.