അടൂർ പ്രകാശിന്റെ മകന്റെ വിവാഹ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തിരുത്തി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ആരെങ്കിലും ആഡംബര വിവാഹം നടത്തിയാൽ നമുക്ക് ഉത്തരവാദിത്തമുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ആഡംബര വിവാഹം നാഗ്പൂരിൽ നടന്നാലും തിരുവനന്തപുരത്ത് നടന്നാലും തെറ്റാണെന്ന് സുധീരൻ രമേശ് ചെന്നിത്തലയെ തിരുത്തി.

കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ മകന്റെയും വ്യവസായി ബിജു രമേശിന്റെ മകളുടേയും വിവാഹത്തിൽ നിന്നും വിവാദം ഭയന്ന് പ്രമുഖ കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നിരുന്നു. എന്നാൽ വിവാഹശേഷവും വിവാദം തുടരുന്നു. ഐ ഗ്രൂപ്പ് നേതാവ് കൂടിയായ അടൂർ പ്രകാശിന്റെ മകന്റെ വിവാഹം ആഡംബരമായിരുന്നില്ലേ എന്ന ചോദ്യത്തിനാണ് രമേശ് ചെന്നിത്തലയും ചെന്നിത്തലയെ തിരുത്തി സുധീരനും വിശദീകരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് വിവാഹ വിവാദത്തിൽ കക്ഷിചേർന്നു. മക്കളുടെ വിവാഹം എങ്ങിനെ വേണമെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. എന്നാൽ ആളുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ ആഡംബരവിവാഹം നടത്തുന്നത് അനുചിതമാണ്. ഇത്തരം പ്രവണത നേതൃത്വം ഇടപെട്ട് തിരുത്തിയില്ലെങ്കിൽ ജനം പ്രസ്ഥാനത്തിൽ നിന്നു അകലുമെന്നാണ് ഡീനിന്റെ അഭിപ്രായം. ഇടതു നിരയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും വിവാഹത്തിനെത്തിയിരുന്നില്ല.