ലോ അക്കാദമിയിലെ വിദ്യാ‍ർത്ഥി സമരത്തിന് പിന്തുണയുമായി ഭരണ പരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദൻ. അക്കാദമിയുടെ പക്കലുള്ള അധിക ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി വൈകീട്ട് നാലിന് ചർച്ച നടത്തും. പ്രിൻസിപ്പൽ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ.

വിദ്യാർത്ഥി സമരം തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ് വി എസ് അച്യുതാനന്ദന്റെ സന്ദർശനം.

വൈകീട്ട് നാലിനാണ് വിദ്യാഭ്യാസ മന്ത്രി വിളിച്ച ചർച്ച. പ്രിൻസിപ്പൽ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് എസ്എഫ്ഐ പിന്മാറിയെന്ന് വാർത്ത പ്രചരിച്ചെങ്കിലും, നേതാക്കൾ നിഷേധിച്ചു.

കോടതി ഉത്തരവിന്റെ ബലത്തിൽ അക്കാദമി ഇന്ന് തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, ഒരു വിദ്യാർത്ഥി പോലും ക്ലാസ്സിലെത്തിയില്ല. തുടർന്ന് ഈ നീക്കം മാനേജ്മെന്റ് ഉപേക്ഷിച്ചു. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് ഉപസമിതി കോളേജിൻറെ രേഖകൾ പരിശോധിക്കുന്നുണ്ട്. അതിനിടെ, വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവ് വി മുരളീധരൻ 48 മണിക്കൂർ നിരാഹാരസമരം തുടങ്ങി.

ഈയാവശ്യമുന്നയിച്ച് എഐവൈഎഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി.