മുഖ്യമന്ത്രി പിന്തുണച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് ഭരണ പരിഷ്കരണകമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. രാജേന്ദ്രന്‍ ഭൂ മാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി എസ് അച്യുതാന്ദന്‍ വ്യക്തമാക്കി. അതേസമയം രാജേന്ദ്രന്റെ ഭൂമിക്ക് പട്ടയമുണ്ടെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു.മൂന്നാര്‍ കയ്യേറ്റങ്ങളിലെ പ്രധാന പ്രതി സിപിഎമ്മാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വീണ്ടും മൂന്നാര്‍ ഉയര്‍ത്തി  വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്ന ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ മുഖ്യമന്ത്രിയും സിപിഎമ്മും പിന്തുണക്കുമ്പോള്‍ വി എസ് അച്യുതാനന്ദന്‍ തുറന്നടിച്ചു.

രാജേന്ദ്രന്റെ സ്ഥലം പട്ടയഭൂമിയിലാണെന്ന മുഖ്യമന്ത്രിയുടെ വാദം വി എസ് അച്യുതാനന്ദന്‍ കണക്കാക്കുന്നില്ല. മൂന്നാറില്‍  കര്‍ശന  നടപടി എടുക്കുന്ന സബ്കലക്ടര്‍ക്കാണ് പിന്തുണ.

കയ്യേറ്റം ഒഴിപ്പിക്കുന്നവരുടെ കയ്യും കാലും വെട്ടുമെന്ന് പറയുന്നവരെ നിലക്ക് നിര്‍ത്തണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും വി എസ് അച്യുതാനന്ദന്‍ ഓര്‍മ്മിപ്പിക്കുന്നു. വേണ്ടിവന്നാല്‍ വീണ്ടും മൂന്നാറിലേക്ക് പോകും. തന്റെ കാലത്തെ മൂന്നാര്‍ ദൗത്യം കൂടി പറഞ്ഞാണ് സര്‍ക്കാറിനോട് കര്‍ശന നടപടി ആവശ്യപ്പെടുന്നത്. വി എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യം പരാജയമാണെന്ന് പറയുന്ന രമേശ് ചെന്നിത്തലയുടെ ആളുകളും ഭൂമി കയ്യേറ്റക്കാരാണെന്നും വി എസ് തിരിച്ചടിച്ചു. അതിനിടെ എസ് രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി എംഎം മണി രംഗത്തെത്തി.

മൂന്നാര്‍ കയ്യേറ്റങ്ങളിലെ പ്രധാന പ്രതി സിപിഎമ്മാണെന്നും കോണ്‍ഗ്രസ്സുകാര്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ അതും ഒഴിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.