വി എസ് അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെ സ്വതന്ത്ര പദവി നല്‍കാന്‍ ദില്ലിയില്‍ ചേര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. പദവിയെന്തെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പിബി കമ്മിഷന്‍ തുടരുന്നതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പിബി ആലോചിച്ചില്ല. പശ്ചിമബംഗാളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ലംഘിച്ചെന്ന് പിബി വിലയിരുത്തി.

വി എസ് അച്യുതാനന്ദന് ഉചിതമായ പദവി നല്കണം എന്ന പാര്‍ട്ടി സെന്‍ററിന്റെ നിര്‍ദ്ദേശത്തെ പൊളിറ്റ് ബ്യൂറോയില്‍ സംസ്ഥാന ഘടകം എതിര്‍ത്തില്ല. കാബിനറ്റ് റാങ്കോടെയുള്ള പദവിക്കാണ് ധാരണ. വി എസിനായി ഒരു സ്വതന്ത്ര സംവിധാനം ഉണ്ടാകും. വി എസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരില്ല. അതേസമയം പിബിയല്ല സംസ്ഥാന മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

ഉപദേശകസമിതി അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ള പദവികളാണ് പിബി യോഗം ചര്‍ച്ച ചെയ്തത്. വി എസിന് ഇപ്പോഴുള്ള എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തും. എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച നടന്നില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ പി ബി കമ്മിഷന്‍ നിലവിലുള്ളത് തടസ്സമാണെന്ന വാദം ഉയര്‍ന്നു. പിബി കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം ഇക്കാര്യം ആവശ്യമെങ്കില്‍ ആലോചിക്കും. കേരളത്തിലെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമെന്ന് പിബി പ്രത്യാശ പ്രകടിപ്പിച്ചു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് ഒത്തുപോകുന്ന തെരഞ്ഞെടുപ്പ് തന്ത്രമല്ല പശ്ചിമബംഗാളില്‍ സ്വീകരിച്ചതെന്ന് പിബി വിലിയിരുത്തി. ഇനി എന്തു വേണമെന്ന് അടുത്ത മാസം ചേരുന്ന സിസി തീരുമാനിക്കും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ ചെറുക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സഹകരിക്കാന്‍ പിബി അനുമതി നല്‍കി.