തിരുവനന്തപുരം: 94-ാം പിറന്നാളിലും പോരാട്ടം തുടരുമെന്ന് വിഎസ്. രാജ്യത്തിന്‍റെ ശത്രുക്കളോട് സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാള്‍ ആശംസ നല്‍കിയവര്‍ക്ക് നന്ദി പറയാനും വിഎസ് മറന്നില്ല.

ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍റെ ഔദ്യോഗിക വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചുകൊണ്ട് ലളിതമായിരുന്നു ജന്മദിന ആഘോഷം. മുന്നണിയിലെ ചിലര്‍ വിഎസിന് സ്നേഹസമ്മാനങ്ങളും നല്‍കി. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരിക്കും വിഎസിന്‍റെ ഉച്ചഭക്ഷണം. വൈകിട്ട് ഒരു പുസ്തപ്രകാശന ചടങ്ങ് മാത്രമാണ് പിറന്നാള്‍ ദിനത്തിലെ മറ്റ് പരിപാടി.

1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വിഎസിന്‍റെ ജനനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം പ്രായം 94 പിന്നിടുമ്പോഴും ശക്തമായ നിലപാടുകള്‍ കൊണ്ട് തന്‍റെ പോരാട്ടം തുടരുകയാണ്.