പച്ചക്കറി വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികള്‍ പര്യാപ്തമല്ലെന്ന് കൃഷിമന്ത്രി വിഎസ് സുനിൽകുമാര്‍. നാമമാത്ര ഇടപെടൽ മാത്രമാണ് നടത്താനായത്. ഹോര്‍ട്ടി കോര്‍പ്പിന് പുറമെ സിവിൽ സ്പ്ലൈയ് കോര്‍പ്പറേഷനെ കൂടി ഉൾപ്പെടുത്തി വിപണി വിപുലീകരിക്കുമെന്നും വിഎസ് സുനിൽകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കര്‍ഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിപണി വിലയേക്കാൾ മുപ്പത് ശതമാനം കുറവിൽ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായിരുന്നു കൃഷി വകുപ്പിന്‍റെ പദ്ധതി. മൂന്നു കോടി രൂപയും അടിയന്തരമായി അനുവദിച്ചു. എന്നാൽ ഇത് കൊണ്ട് മാത്രം വിലക്കയറ്റം പിടിച്ച് നിര്‍ത്താനായിട്ടില്ല. കാര്‍ഷിക ഉത്പന്നങ്ങൾ സംഭരിക്കാനും വിപണിയിലിടപെടാനും ഹോര്‍ട്ടി കോര്‍പ്പിന് മതിയായ സംവിധാനങ്ങളില്ലാത്തതാണ് പ്രശ്നം.

സിവിൽ സപ്ലൈയ്സ് കോര്‍പ്പറേഷൻ ഔട്ട് ലറ്റുകളിലും മാവേലി സ്റ്റോറുകളിലേക്കും അടിയന്തരമായി പച്ചക്കറി വിതരണത്തിനെത്തിക്കാനാണ് ആലോചന.

140 മണ്ഡലങ്ങളിലും ഹോര്‍ട്ടി കോര്‍പ്പ് വിതരണ കേന്ദ്രങ്ങൾ തുടങ്ങും . ഓണക്കാലത്ത് സന്നദ്ധ സംഘടനകളുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും സഹകരണത്തോടെ പഞ്ചായത്തുകൾ തോറും ന്യായവില വിതരണകേന്ദ്രങ്ങള്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്.

Vegitable V S Sunilkumar