മൊത്തം ഷോ ഓഫാണ് ലൈക്ക് തന്ന് സഹായിക്കണം; വിമര്‍ശകരെ ട്രോളി വിടി ബല്‍റാം

First Published 8, Apr 2018, 7:10 PM IST
V T BALRAM COVER PHOTO
Highlights
  • വിമര്‍ശകരെ ട്രോളി വിടി ബല്‍റാം

കോണ്‍ഗ്രസിന് ഉള്ളില്‍നിന്നുതന്നെ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി വിടി ബല്‍റാം. തന്‍റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റിയാണ് എംഎല്‍എയുടെ പ്രതിഷേധം. തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഫോട്ടോയ്ക്കൊപ്പം ബല്‍റാം നല്‍കിയിരിക്കുന്നത്. ''ലൈക്ക്‌ തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്‌, മൊത്തം ഷോ ഓഫാണ്‌, സഹായിക്കണം ബ്ലീസ്‌ '' എന്നാണ് പോസ്റ്റ്. 

ഏറ്റവും ഒടുവിലായി കരുണ കോളേജ് വിഷയത്തിലെ ഭരണ പ്രതിപക്ഷ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ നിലപാടെടുത്ത ബല്‍റാം കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിനുള്ളില്‍നിന്നു തന്നെ ഏറ്റുവാങ്ങിയത്. ബല്‍റാമിന്‍റേത് ഫേസ്ബുക്കില്‍ മാത്രം ഒതുങ്ങുന്ന പ്രവര്‍ത്തനമാണെന്നും രാഷ്ട്രീയക്കാരനല്ലെന്നും ലൈക്ക് മാത്രമാണ് ലക്ഷ്യമെന്നുമുള്ള തരത്തില്‍ പരിഹാസം ഉയര്‍ന്നിരുന്നു. 

ബില്‍ നിയമസഭയില്‍ പാസാക്കുന്നതിനിടെ ക്രമപ്രശ്നമുയര്‍ത്തി ബല്‍റാം രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ബല്‍റാമിന്‍റെ നിലപാടുകളെ തള്ളുകയും ബില്ലിനെ പിന്തുണയ്ക്കുകയുമായിരുന്നു. 

തുടര്‍ന്ന് ബില്ല് നിയമമാക്കുന്നതിനായുള്ള വോട്ടെടുപ്പില്‍ ബല്‍റാം പങ്കെടുത്തില്ല. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നതെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ പ്രക്രിയയിൽ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് ബിൽ വകപ്പു തിരിച്ചുള്ള ചർച്ചയിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പുറത്തു പോവുകയാണ് ചെയ്തതെന്നും ബല്‍റാം വിശദീകരിച്ചിരുന്നു. 

കരുണ കണ്ണൂര്‍ വിഷയത്തില്‍ ബലറാമിനെ വിമര്‍ശിച്ച് കെ.എസ്. ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയുന്നത് ശരിയല്ല. ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസമെന്നായിരുന്നു ബല്‍റാമിനെതിരപെ ശബരീനാഥിന്‍റെ വാക്കുകള്‍. 
 

loader