മലപ്പുറം: എ.കെ.ജിയെ കുറിച്ച് പറയേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. തനിക്ക് വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല. അധികമാരും കാണാന്‍ സാധ്യതയില്ലാത്ത കമന്‍റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് ചിലര്‍ വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്നും ബല്‍റാം പറഞ്ഞു.
കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എ.കെ.ജി വിവാദത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ബല്‍റാം. അവര്‍ക്ക് കോണ്‍ഗ്രസിന്‍റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. കാരണം പറയുന്നത് സി.പി.ഐ.എമ്മാണ്.
ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരും. ഫാഷിസ്റ്റ് കാലത്ത് ഫാഷിസ്റ്റുകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമാണ്. സംഘ്പരിവാറും സി.പി.ഐ.എമ്മും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളല്ല, ഒരേ വശങ്ങളാണെന്നും ബല്‍റാം അഭിപ്രായപ്പെട്ടു.
ചൈന ഇന്ത്യയെ ആക്രമിക്കുന്ന സമയത്ത് ആ മണ്ണ് നമ്മുടേതാണ് എന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈന ചാരന്‍മാരായ കമ്യൂണിസ്റ്റുകള്‍ ഇന്നും അതേ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.
എകെജിക്കെതിരെ ഫേസ്ബുക്കില്‍ ആരോപണമുന്നയിച്ച ബല്‍റാമിന് വന്‍ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. മുതിര്‍ന്ന സിപിഎം നേതാക്കളടക്കം വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വരികയും ചെയ്തു.
ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബൽറാമിന്‍റെ പരാമർശമാണ് വിവാദമായത്. ആദ്യ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവർത്തിച്ച് ബൽറാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
