തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന ആരോപണവുമായി വി ടി ബെല്‍റാം എംഎല്‍എ. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു മേല്‍ നടപടിക്കൊരുങ്ങുന്ന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് ബെല്‍റാമിന്‍റെ ഗുരുതര ആരോപണം.

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്‌ ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികളെന്നു പറയുന്ന ബെല്‍റാം റിപ്പോര്‍ട്ടിന്‍റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നു.

കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതിയെന്നു പരിഹസിക്കുന്ന ബെല്‍റാം ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം.

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്‌ ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വെച്ച്‌ അനുമാനിക്കാൻ കഴിയുന്നതല്ല.

ഏതായാലും കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ച്‌ തോമസ്‌ ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ്‌ നേതാക്കന്മാർ തയ്യാറാകണം.

'കോൺഗ്രസ്‌ മുക്ത്‌ ഭാരത്‌' എന്നത്‌ ദേശീയതലത്തിലെ ആർഎസ്‌എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ "കോൺഗ്രസ്‌ മുക്ത കേരളം" എന്നതാണ്‌ ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ്‌‌ ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്‌ എന്ന് തിരിച്ചറിഞ്ഞ്‌ തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക്‌ കഴിയേണ്ടതുണ്ട്‌.