എം പാനൽ ജീവനക്കാർക്ക് വ്യാജ പ്രതീക്ഷ നൽകിയ കെഎസ്ആര്‍ടിസി നിയമനത്തിൽ കടിച്ച് തൂങ്ങി കിടക്കാൻ ഇത് ഇവരെ പ്രേരിപ്പിച്ചുവെന്നും വിലയിരുത്തി. പിഎസ് സി റാങ്ക് ഹോൾഡേഴ്സ് കേസിലെ വിധി കെഎസ്ആർടിസിക്ക് ബാധകമെന്നും കോടതി  

കൊച്ചി: പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർമാർമാർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കെഎസ്ആർ‍ടിസിയിലെ ഒഴിവുകൾ പിഎസ്‍സി വഴി തന്നെ നികത്തണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. താൽക്കാലിക കണ്ടക്ടർമാർക്ക് കെഎസ്ആർ‍ടിസി വ്യാജ പ്രതീക്ഷകൾ നൽകിയെന്നും വിധി ന്യായത്തിലുണ്ട്. ഇതിനിടെ ജോലി നഷ്ടപ്പെട്ട താൽക്കാലിക കണ്ടക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു

പി എസ് എസി വഴി അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും കണ്ടക്ടർ തസ്തികയിൽ നിയമനം കിട്ടിയില്ല എന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ സമർപ്പിച്ച ഹർജിയും ഇടക്കാല ഉത്തരവിനെത്തുടർന്ന് പിരിച്ചുവിടപ്പെട്ട താൽക്കാലിക കണ്ടക്ടമാർ നൽകിയ ഹർജിയിലുമാണ് ഹൈക്കോടതിയുടെ അന്തിമ ഉത്തരവുണ്ടായത്. പി എസ് സി ഉദ്യോഗാർഥികളുടെ ആവശ്യം അനുവദിച്ച കോടതി താൽക്കാലിക ജീവനക്കാരുടേത് തളളുകയായിരുന്നു. പി എസ് എസി വഴി തന്നെയാണ് കെഎസ് ആർ ടി സി സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ടത്. അടിയന്തരഘട്ടങ്ങളിൽ നിയമിക്കുന്ന താൽക്കാലിക ജീവനക്കാരുടെ സേവനം 180 ദിവസത്തിൽ കൂടരുതെന്ന് സർവീസ് ചട്ടങ്ങളിൽ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

പി എസ് സി റാങ്ക് ഹോൾഡേഴ്സ് കേസിലെ വിധി കെ എസ് ആർ ടി സിക്കും ബാധകമാണ്. സ്ഥിര നിയമനം കിട്ടുമെന്ന് താൽക്കാലിക കണ്ടക്ടമാർക്ക് വ്യാജ പ്രതീക്ഷ നൽകിയതിൽ കെ എസ് ആർ ടി സിക്ക് പങ്കുണ്ട്. കുറ‌ഞ്ഞ വേതനമാണ് കെ എസ് ആർ ടിസി നൽകിയതെന്ന ഇവരുടെ വാദവും കോടതി അംഗീകരിച്ചില്ല. കുറഞ്ഞവേതനത്തിൽ ജോലി ചെയ്യാൻ താൽക്കാലിക കണ്ടക്ർമാരെ ആരും നിർബന്ധിച്ചിട്ടില്ല. നഷ്ടപരിഹാരം കൂടാതെയാണ് പിരിച്ചുവിട്ടത് എന്ന് ആക്ഷേപമുണ്ടെങ്കിൽ ഉചിതമായ നിയമസംവിധാനങ്ങളെ സമീപിക്കാമെന്നും ഹൈക്കോടതി വിശദമാക്കി. 

കെ എസ് ആർ ടിസിയിലെ ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ടു ചെയ്യണമെന്നും തർക്കങ്ങൾ ഉണ്ടെങ്കിൽ മാത്രം സർക്കാർ ഇടപെട്ടാൽ മതിയെന്നും കോടതി നിർ‍ദേശിച്ചു. കണ്ട്കടർമാരുടെ ഒഴിവുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് വൃക്തമായ മറുപടി നൽകാതിരുന്ന കെ എസ് ആർ ടി സിയുടെ നടപടിയിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതിനിടെ പിരിച്ചുവിട്ടതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം തുടരാനാണ് താൽക്കാലിക കണ്ടക്ടർമാരുടെ തീരുമാനം. പ്രതീകാത്മകമായി ഇന്നുമുതൽ വെളള പുതച്ച് സമരം തുടങ്ങിയ ഇവർ സർക്കാർ കൈവിടില്ലെന്ന പ്രതീക്ഷയിലാണ്.