Asianet News MalayalamAsianet News Malayalam

വടക്കാഞ്ചേരി പീഡനം; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് സര്‍ക്കാര്‍

Vadakkancheri rape case govt to take strict action says Balan
Author
Thiruvananthapuram, First Published Nov 4, 2016, 5:22 AM IST

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞു. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. പൊലീസിനെതിരായ ആരോപണം യുവതി ഉന്നയിച്ചത് ഇന്നലെമാത്രമാണെന്നും കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാമെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. പ്രതികളുടെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിപക്ഷത്തു നിന്ന് അനില്‍ അക്കരെയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഈ പീഡനം സംബന്ധിച്ച പരാതി നേരത്തെ തന്നെ വന്നതാണെന്നും അന്ന് പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അനില്‍ അക്കരെ ആരോപിച്ചു. 2013 ഓഗസ്റ്റ് 13 ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് രാഷ്ട്രീയ നേതൃത്വം ഇടപെട്ട് കേസ് ഒതുക്കുകയായിരുന്നു.സിപിഎം ആഭിമുഖ്യമുള്ള വടക്കാഞ്ചേരിയിലെ ഒരു വനിതാ അഭിഭാഷകയും മൂന്ന് സിപിഎം കൗണ്‍സിലംഗങ്ങളും ചേര്‍ന്ന് കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു. അതിന്  പോലീസിന്റെ ഭാഗത്തു നിന്ന് സഹായം ഉണ്ടായെന്നും അനില്‍ അക്കരെ ആരോപിച്ചു.

ബലാത്സംഗം നടന്നിട്ടില്ലെന്ന് പറയാൻ നിർബന്ധിച്ച പേരാമംഗലം സിഐയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും കുറ്റവാളികളെ സിപിഎം സംരക്ഷിക്കുന്നെന്നും രമേശ് ചെന്നിത്തല  പറഞ്ഞു. ആരോപണവിധേയരെ സംരക്ഷിക്കുന്നത് അപലപനീയമാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കുറ്റകരമായ മൗനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അനില്‍ അക്കരെയ്ക്ക് കേസന്വേഷിക്കുന്ന ഗുരുവായൂര്‍ എസിപിക്ക് മുന്നില്‍ പറയാമെന്ന മന്ത്രിയുടെ പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി. സഭയിലെ ഒരംഗം ഉത്തരവാദിത്വത്തോടെ ഒരു കാര്യം പറയുമ്പോള്‍ അതിനെ നിസാരമായി കാണുന്ന മന്ത്രിയുടെ നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

 

Follow Us:
Download App:
  • android
  • ios