തിരുവനന്തപുരം: ഗായിക വൈക്കം വിജയ ലക്ഷ്മിക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്കാരം. സംഗീത വിഭാഗത്തിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരമാണ് വിജയലക്ഷ്മിക്ക് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20 ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കി ആദരിക്കുന്നത്.

അന്ധതയെ ഈണങ്ങള്‍ കൊണ്ട് തോല്‍പ്പിച്ച സംഗീതപ്രതിഭയാണ് വൈക്കം വിജയ ലക്ഷ്മി. ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണ വായനക്കാരി എന്നീ നിലകളിലും പ്രശസ്ത. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്രഗാനശാഖയില്‍ പാട്ടിന്‍റെ പുതിയ പൂക്കാലം വിരിയിച്ച് വിജയ ലക്ഷ്മി കടന്നുവരുന്നത്.

ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ (നടന്‍), കൈക്കോട്ടും കണ്ടിട്ടില്ല ( വടക്കന്‍ സെല്‍ഫി) തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങള്‍. നിരവധി സിനിമേതര ഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് വിജയലക്ഷ്മി. ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരം, സംസ്ഥാന ചലച്ചിത്രപുരസ്കാരം പ്രത്യേകപരാമര്‍ശം, കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ മുമ്പും വിജയ ലക്ഷ്മിയെ തേടിയെത്തിയിരുന്നു.
ശ്രീകുമാരന്‍ തമ്പി, പ്രൊഫസര്‍ കെ ഓമനക്കുട്ടി, എം ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തെരെഞ്ഞെടുത്തത്. വിജയ് യേശുദാസ്, മഞ്ജരി, മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍ എന്നിവരായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍.

പരിസ്ഥിതി വിഭാഗത്തിലെ പുരസ്കാരം അഡ്വ. ഹരീഷ് വാസുദേവനും കാര്‍ഷിക മേഖലയിലെത് സിബി കല്ലിങ്കലിനുമാണ്. സാഹിത്യം, രാഷ്ട്രീയം, കായികം എന്നീ മേഖലകളിലും യുവ പ്രതിഭകള്‍ക്കു കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്കാരം.