കൊച്ചി: ആദ്യ ചലച്ചിത്രഗാനം കൊണ്ടുതന്നെ ഓരോ മലയാളിയുടേയും സ്വന്തമെന്ന് തോന്നിച്ച വൈക്കം വിജയലക്ഷ്മി. മറ്റൊരു ചരിത്ര മുഹൂത്തത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഗായത്രി വീണ മീട്ടി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയ ഗായിക. ഞായറാഴ്ച കൊച്ചിയിലാണ് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള പ്രകടനം.
ഗായത്രി വീണയിൽ അഞ്ച് മണിക്കൂറുകൊണ്ട് 51 ഗാനങ്ങൾ വായിക്കുകയാണ് വൈക്കം വിജയലക്ഷ്മിയുടെ ലക്ഷ്യം. വിജയലക്ഷ്മിയുടെ അച്ഛൻ മുരളീധരൻ നായരാണ് തംബുരുവിനെ പരിഷ്കരിച്ച് ഗായത്രിവീണ രൂപപ്പെടുത്തിയത്. അധികമാരും വിരൽ ചേർക്കാത്ത വാദ്യോപകരണം കൂടിയാണിത്.
സംഗീതം മാറ്റിനിർത്തിയുള്ള ജീവിതം വേണ്ടാത്തതിനാലാണ് വിവാഹത്തിൽനിന്ന് പിന്മാറിയതെന്നും വൈക്കം വിജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശ്ശൂർ സ്വദേശി സന്തോഷുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയത് തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് വൈക്കം വിജയലക്ഷ്മി ഉറപ്പിച്ച് പറയുന്നു. തന്റെ അന്ധതയെപ്പോലും സന്തോഷ് പരിഹസിച്ചിരുന്നുവെന്നും വൈക്കം വിജയലക്ഷ്മി വ്യക്തമാക്കി.
