കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ 22ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരവുമായി കോഴിക്കോട്ടെ 11 വിദ്യാര്‍ഥിനികള്‍. ബഷീറിന്റെ 11 നായികമാരാണ് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിലെ വേദിയില്‍ എത്തിയത്.

 ബാല്യകാലസഖിയിലെ സുഹറ, പൂവമ്പഴത്തിലെ ജമീലാബീവി, പാത്തുമമ്മയുടെ ആടിലെ പാത്തുമ്മ.. ഒന്നും രണ്ടുമല്ല ബഷീറിന്റെ 11 കഥാപാത്രങ്ങളാണ് ഒന്നിച്ചെത്തിയത്. ഒപ്പം ബഷീറിന്റെ മകള്‍ ഷാഹിന കൂടി എത്തിയതോടെ സംഗതി ജോറായി.

ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടിലെ കുട്ടികള്‍ ബഷീറിനോടുള്ള ആരാധന മുത്താണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. ചിത്രകാരന്‍ പോള്‍ കല്ലാനോട് ബഷീറിനെ വരച്ച് സ്മ‍ൃതി ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജോണ്‍ മണ്ണാറത്തറ അധ്യക്ഷനായിരുന്നു.