തിരുവനന്തപുരം: അതിരൂക്ഷമായ കടലാക്രമണത്തില്‍ തിരുവനന്തപുരത്തെ വലിയതുറ കടല്‍പാലം അതീവ അപകടാവസ്ഥയിലായി. പാലത്തിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംരക്ഷണ ഭിത്തിയും മതിലും കടലെടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
പണ്ട് കപ്പലടുത്തിരുന്ന കാലത്തോളം പഴക്കുള്ള കടല്‍പാലം. വലിയതുറയുടെ ലാന്റ് മാര്‍ക്ക് ആണ് ഈ കടല്‍പ്പാലം. പാലത്തിന് പുതുമോടി നല്‍കാന്‍ ഒരുകോടി അഞ്ച് ലക്ഷം രൂപക്ക് പദ്ധതി തയ്യാറാക്കി അറ്റകുറ്റപണി നടത്തുകയാണ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിപ്പോള്‍. ഇതിനിടെയാണ് കനത്തമഴയെത്തുടര്‍ന്ന് കടലാക്രമണം രൂക്ഷമായി പാലം അപകടാവസ്ഥയിലായത്.
ഞങ്ങളുടെ പ്രതിനിധി സിപി അജിത വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ കടല്‍ പ്രക്ഷുബ്ദമായി. കാണെക്കാണെ ആര്‍ത്തലച്ചെത്തിയ കടല്‍. കേരളപ്പിറവിക്ക് മുന്‍പെ കടല്‍പാലത്തോട് ചേര്‍ത്ത് കെട്ടിയ മതില്‍ ക്യാമറ കാണെ തിരയെടുത്തു.
