വനിതാലീഗ് സീറ്റ് ആവശ്യം ഉന്നയിക്കില്ലെന്നും സീറ്റ് ചോദിച്ചു വാങ്ങുന്ന പാരമ്പര്യം തങ്ങൾക്കില്ലെന്നും വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കുൽസു കോഴിക്കോട് പറഞ്ഞു
കോഴിക്കോട്: മുസ്ലീം ലീഗിന് നാലോ അഞ്ചോ പാർലമെന്‍റ് സീറ്റിന് അർഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട് വനിതാലീഗ്. എന്നാൽ, വനിതാലീഗ് സീറ്റ് ആവശ്യം ഉന്നയിക്കില്ലെന്നും സീറ്റ് ചോദിച്ചു വാങ്ങുന്ന പാരമ്പര്യം തങ്ങൾക്കില്ലെന്നും വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കുൽസു കോഴിക്കോട് പറഞ്ഞു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആയിരത്തഞ്ഞൂറോളം വനിതാപ്രതിനിധികൾ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഈ വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സീറ്റ് ചോദിക്കില്ലെന്ന നിലപാട് വനിത ലീഗ് എടുക്കുന്നത്. അർഹമായ സമയത്ത് പാർട്ടി തന്നെ വേണ്ടത് ചെയ്യുമെന്നും പി കുൽസു പറഞ്ഞു.
മുസ്ലീം ലീഗിനെപ്പോലെ ശക്തമായ ഒരു പാർട്ടി ഉചിതമായ ആളുകൾക്ക് മാത്രമാണ് സീറ്റ് നൽകാറുള്ളതെന്നും മുത്തലാഖ് ബില്ലിനെ രാജ്യ സഭയിൽ എതിർത്ത് തോൽപ്പിച്ച ജനാധിപത്യ കക്ഷികളെ അഭിവാദ്യം ചെയ്ത വനിതാലീഗ്, മുത്തലാഖ് വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നിലപാടിനെ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്നും അഡ്വക്കറ്റ് പി കുൽസു വ്യക്തമാക്കി.
പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാലീഗും ഒരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ് ജനറൽ സെക്രട്ടറി പി കുൽസു നൽകുന്നത്. ഇതിന്‍റെ ഭാഗമായി മുത്തലാഖ് വിഷയത്തിൽ സംസ്ഥാന വ്യാപക സിംപോസിയം സംഘടിപ്പിക്കും. ജനപ്രതിനിധി സംഗമം, മേഖല സമ്മേളനങ്ങൾ, വനിതാദിനാചരണം എന്നീ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
