ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകം നടന്നിട്ട് ഒരു മാസം
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. ശ്രീജിത്തിന് നീതി ലഭിക്കണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് കുടുംബം. പ്രഖ്യാപിച്ച അർഹമായ ആനുകൂല്യങ്ങൾ എത്രയും വേഗം അനുവദിക്കാൻ സർക്കാർ നടപടികളെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
പണം എത്ര നൽകിയാലും, ദേവസ്വംപാടത്തെ ഈ വീട്ടിൽ ശ്രീജിത്തിന് പകരമാകില്ല ഒന്നും. പക്ഷേ ഒരു സംഘം പൊലീസുകാർ ചവിട്ടിയരച്ചത് എട്ട് പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ പ്രതീക്ഷകളാണ്. കസ്റ്റഡി മർദ്ദനത്തിൽ പരിക്കേറ്റ ഇളയ സഹോദരൻ സജിത്തിനും ജോലിക്ക് പോകാനാകുന്നില്ല. മൂത്ത സഹോദരൻ രഞ്ജിത്തിന്റെയും ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ കുടുംബത്തിന്റെയും പിന്തുണയിലാണ് മുന്നോട്ട് പോകുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ നിയമനടപടികൾക്ക് കുടുംബം തന്നെയാണ് പണം കണ്ടെത്തുന്നത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഇവർ പറയുന്നു. മുൻ റൂറൽ എസ്പി എവി ജോർജ്ജിന്റെ പങ്ക് കണ്ടെത്തണമെങ്കിൽ സിബിഐ അന്വേഷണം വേണം.
