ആര്‍ടിഎഫുകാര്‍ സമാന്തര സേനയായി പ്രവര്‍ത്തിച്ചു
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആര്ടിഎഫ് ഉദ്യോഗസ്ഥരെ തള്ളി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ആര്ടിഎഫുകാര് സമാന്തര സേനയായി പ്രവര്ത്തിച്ചെന്നും പദവി ദുരുപയോഗം ചെയ്തെന്നും സര്ക്കാര് അഭിഭാഷകന് കോടതിയെ അറിയിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില് ആര്ടിഎഫുകാരായ സന്തോഷ് കുമാര്, ജിതിന് രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയാണ് സര്ക്കാര് നിലപാട് വ്യക്തമാക്കിയത്.
ശ്രീജിത്തിനെ കസ്റ്റഡിയില് എടുക്കാന് ആര്ടിഎഫുകാരോട് പറവൂര് സിഐ ഉള്പ്പടെ ആരും നിര്ദ്ദേശിച്ചിട്ടില്ലെന്നാണ് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചത്. അടിവയറ്റിലേറ്റ ചവിട്ട് മരണകാരണമായെന്ന് വ്യക്തമായിട്ടുണ്ട്. ആര്ടിഎഫ് കാര് മര്ദ്ദിച്ചെന്ന് മൊഴിയുമുണ്ട്. അടിവയറ്റില് മുട്ടുകാലു കയറ്റി കൊല്ലുന്ന പൊലീസ് നിയമാനുസൃതമായാണ് പ്രവര്ത്തിക്കുന്നതെന്ന് പറഞ്ഞാല് എന്താണ് പറയേണ്ടതെന്നും സര്ക്കാര് അഭിഭാഷകന് ചോദിച്ചു.
മേലുദ്യോഗസ്ഥരുടെ നിര്ദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആര്ടിഎഫുകാരുടെ വാദം. ശ്രീജിത് ആരാണെന്നറിയില്ല. വാസുദേവന്റെ വീടാക്രമിച്ച കേസിനെപ്പറ്റിയും അറിയുമായിരുന്നില്ല. ശ്രീജിത്തിന് പരിക്ക് പറ്റിയത് അടിപിടിയിലാണെന്ന് ആശുപത്രി രേഖകളില് ഉണ്ടെന്നും ആര്ടിഎഫുകാര് കോടതിയെ അറിയിച്ചു. വാദം പൂര്ത്തിയായതോടെ കേസ് വിധിപറയാനായി മാറ്റി.
