വരാപ്പുഴ കസ്റ്റഡി മരണം പ്രതികളുടെ തിരിച്ചറിയൽ പരേഡ് നാളെ 

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നാളെ. ആലുവ സബ്ജയിലിൽ ആണ് തിരിച്ചറിയൽ പരേഡ് പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയാണ് തിരിച്ചറിയൽ പരേഡിന് ഹാജരാക്കുക. ശ്രീജിത്തിന്റെ അമ്മയും ഭാര്യയുമാണ് തിരിച്ചറിയൽ പരേഡിന് എത്തുന്നത്.

നേരത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത വാരാപ്പുഴ എസ്ഐ ദീപകിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പറവൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദീപകിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. 

വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.