പതിനായിരക്കണക്കിന് സാങ്കേതിക വിദഗ്ധരെ സൃഷ്ടിച്ച സംസ്ഥാനത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് പ്രതിസന്ധിയിലായത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കുന്ന അഖിലേന്ത്യാ കൗൺസിൽ അഥവാ എഐസിടിഇ കഴിഞ്ഞ ഏപ്രിൽ 9ന് കോളേജിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്രം നിർദേശിച്ച 28 മാനദണ്ഡങ്ങളിൽ ന്യൂനതകൾ ഉളളതായി കണ്ടെത്തി.
അധ്യാപകരുടെ കുറവ്,അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം,കോഴ്സുകളുടെ രേഖകൾ ഹാജരാകാത്തത്, സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത എന്നീവയെ കുറിച്ച് ഏപ്രിൽ പതിനെട്ടിനകം മറുപടി നൽകാൻ അഖിലേന്ത്യാ കൗൺസിൽ നിർദേശിച്ചു.ഇത് ലാഘവത്തോടെ കണ്ട സർക്കാർ മറുപടിയൊന്നും നൽകിയില്ല. തുടർന്നാണ് കോളേജിന്‍റെ അംഗീകാരം റദ്ദാക്കിയത്.
അഖിലേന്ത്യാ കൗൺസിലിന്‍റെ നിർദേശമുണ്ടായിട്ടും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനോ അധ്യാപകരെ നിയമിക്കാനോ സർക്കാർ തലത്തിൽ നടപടികളുണ്ടായില്ല.അംഗീകാരം തിരികെക്കിട്ടാൻ സർക്കാരിന്‍റെ നേരിട്ട ഇടപെടൽ മാത്രമാണ് അടിയന്തര പോംവഴി. സ്വകാര്യ പോളിടെക്നിക് കോളേജുകൾക്ക് വേണ്ടിയാണ് അഖിലേന്ത്യാ കൗൺസിലിന്‍റെ കടുംപിടുത്തമെന്നും വാദമുണ്ട്.
