ഇനിയിപ്പോള്‍ വയലാറിന്റെ മകനാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെങ്കില്‍ നടത്താം. കാരണം നമ്മളു പറയുന്നതിനേക്കാള്‍ വില തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റിന് ഉള്ള കാലമാണല്ലോ ഇത്. തെളിവ് പ്രധാനമായതോണ്ട് അത് വേണമെങ്കില്‍ ചെയ്യാമെന്നും ശരത്ചന്ദ്ര വര്‍മ പറഞ്ഞു. ആതായാലും കുറ്റപ്പെടുത്തയവരോടും വ്യക്തി അധിക്ഷേപം നടത്തിയവരോടും വിഷമമൊന്നും ഇല്ല. 

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിന് ലഭിച്ച രൂക്ഷ വിമര്‍ശനത്തിന് മറുപടിയുമായി വയലാര്‍ രാമവര്‍മയുടെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ. ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. സ്ത്രീ വിരോധിയായ ഒരാള്‍ ആവാന്‍ തനിക്ക് ഒരിക്കലും സാധിക്കില്ലെന്ന് വയലാര്‍ ശരത് ചന്ദ്ര വര്‍മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഒരു നിയമം വരുമ്പോള്‍ രണ്ടു രീതിയില്‍ ഉപയോഗിക്കുന്ന രീതി കാണാറുണ്ട്. ഈ വിധി എങ്ങനെ ദുരുപയോഗം ചെയ്യണം എന്ന് ആലോചിക്കുന്ന ആളുകള്‍ ഉണ്ട്. അങ്ങനെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കിട്ടിയില്‍ സംഭവിക്കാവുന്ന ഒരു കാര്യത്തെക്കുറിച്ച് തമാശ രീതിയില്‍ നടത്തിയ പ്രതികരണമാണ് അത്ര കോലാഹലങ്ങള്‍ ഉണ്ടാക്കിയത്. ഞാനൊരു സ്ത്രീ വിരോധിയല്ല, ഒരിക്കലും എനിക്ക് അങ്ങനെ ആവാന്‍ സാധിക്കുകയുമില്ല. അച്ഛന്റെ അഭാവത്തില്‍ എന്നെ വളര്‍ത്തിയത് അമ്മയും മുത്തശ്ശിയുമാണ് , സഹോദരിമാര്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നതും. പിന്നെ എങ്ങനെ എനിക്ക് സ്ത്രീ വിരോധിയാവാന്‍ കഴിയുമെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ. മുത്തശ്ശി, അമ്മ, സഹോദരി, ഭാര്യ, മകള്‍ എന്നിങ്ങനെ സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ക്കൊപ്പം വളര്‍ന്ന എനിക്ക് എങ്ങനെ സ്ത്രീ വിരോധിയാവാന്‍ കഴിയുമെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ ചോദിക്കുന്നു.

ആ ഫേസ്ബുക്ക് കുറിപ്പിലൂടെ ഒരു തമാശ മാത്രമായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അതിന് ലഭിച്ച പ്രതികരണം വളരെ പേടിപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും ആയിരുന്നെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു. ആളുകള്‍ തെറ്റിധരിച്ചതില്‍ വിഷമമുണ്ട്. സ്ത്രീപക്ഷക്കാര്‍ എന്നു വാദിക്കുന്നവര്‍ ഇപ്പോള്‍ ചെയ്യുന്നത് ഒരു അമ്മയുടെ ചാരിത്രത്തെ തന്നെ ചോദ്യം ചെയ്യകയാണെന്ന് ശരത്ചന്ദ്ര വര്‍മ പറയുന്നു. ഇപ്പോള്‍ അമ്മ ചീത്തയായി ഇനി വിശദീകരണം നല്‍കിയാല്‍ ഭാര്യ വിധവയാവുമോയെന്നും മകള്‍ക്ക് അച്ഛനില്ലാതാവുമോയെന്ന ഭയമുണ്ട് അതിനാലാണ് സംഭവത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നടത്താത്തതെന്നും വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു. 

ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ള നിലയ്ക്ക് ഭാവിയില്‍ ഇനി ഇത്തരം കാര്യങ്ങള്‍ നടന്നു കൂടാതില്ല. അപ്പോള്‍ പ്രകടമാവേണ്ടത് ഓരോരുത്തരുടേയും മനസിന്റെ ധൈര്യമാണെന്നും വയലാര്‍ ശരത്ചന്ദ്ര വര്‍മ ഓര്‍മപ്പെടുത്തി. എന്തായാലും നല്ലൊരു അടി കിട്ടിയതിന്റെ ആഘാതത്തിലാണ് ഇപ്പോള്‍ ഉള്ളത്. അത് ഇനി ഇടപെടലുകള്‍ നടത്തുമ്പോള്‍ മനസില്‍ ഓര്‍മയുണ്ടാകും. ഞാന്‍ സ്ത്രീ വിരോധയോ സ്ത്രീകളെ അപമാനിക്കുകയോ ചെയ്യുന്ന ആളല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. ഏതെങ്കിലും സ്ത്രീ എന്നേക്കുറിച്ച് ദുരനുഭവം ഉണ്ടായെന്ന് പറഞ്ഞാല്‍ അത് മനസിലാക്കാം പക്ഷേ ആശയപരമായ ഏറ്റുമുട്ടല്‍ നടത്താതെ വ്യക്തി അധിഷേപം നടത്തുന്നതിനോട് ഒന്നു പറയാനില്ലെന്നും വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു . 

തുല്യത എന്നു പറഞ്ഞാല്‍ ഇതൊന്നുമല്ല. പുരുഷനേക്കാള്‍ എത്രയോ മുകളിലാണ് സ്ത്രീയുടെ സ്ഥാനം. പുരുഷന്റെ മേധാവിത്വം അംഗീകരിച്ച് കൊടുത്തിരുന്നു പണ്ടത്തെ സ്ത്രീകള്‍ അത് സത്യമാണ്. പക്ഷേ എന്തു പറഞ്ഞാലും പുരുഷന്റെ ചിന്തയുടെ പതിനെട്ടാം പടിക്ക് മുകളില്‍ തന്നെയാണ് സ്ത്രീയുടെ സ്ഥാനം എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആറു ഋതുക്കളുടെ കഴിവുള്ള ആളാണ് സ്ത്രീ അത് തിരിച്ചറിയാനുള്ള കഴിവോ ക്ഷമയോ പുരുഷനില്ലെന്നതാണ് വാസ്തവം. പ്രകൃതിയെ ഉപാസിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് പ്രകൃതിയുടെ ഭാഗമായ സ്ത്രീകളെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഇനിയിപ്പോള്‍ വയലാറിന്റെ മകനാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെങ്കില്‍ നടത്താം. കാരണം നമ്മളു പറയുന്നതിനേക്കാള്‍ വില തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റിന് ഉള്ള കാലമാണല്ലോ ഇത്. തെളിവ് പ്രധാനമായതോണ്ട് അത് വേണമെങ്കില്‍ ചെയ്യാമെന്നും ശരത്ചന്ദ്ര വര്‍മ പറഞ്ഞു. ആതായാലും കുറ്റപ്പെടുത്തയവരോടും വ്യക്തി അധിക്ഷേപം നടത്തിയവരോടും വിഷമമൊന്നും ഇല്ല. അങ്ങനെ ഒരാളല്ല ഞാന്‍ എന്നൊരു അപേക്ഷ മാത്രമേ ഒള്ളുവെന്നും വയലാര്‍ ശരത്ചന്ദ്ര വര്‍മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.