പാലക്കാട്: കഞ്ചിക്കോട് വീണ്ടും സംഘർഷം. ഒരു സംഘം ആളുകൾ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. തീവയ്പിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കഞ്ചിക്കോട് ചടയംകലായ് ശ്രീവത്സത്തിൽ രാധാകൃഷണന്‍റെ വീടിനു സമീപത്ത്നിർത്തിയിട്ട ബൈക്കുകൾക്ക് രാത്രി രണ്ടരയോടയാണ് ഒരു സംഘം തീയിട്ടത്. തീ പടർന്ന് പിടിച്ച് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിന്‍റർ പൊട്ടിത്തെറിച്ചു. രാധാകൃഷ്ണൻ, സഹോദരൻ കണ്ണൻ, ഭാര്യ വിമല, ആദർശ് എന്നവർക്കാണ് പൊള്ളലേറ്റത്. 65 ശതമാനത്തിലേറെ പൊള്ളലേറ്റ വിമലയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഞ്ചിക്കോട് കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന അക്രമസംഭവങ്ങളുടെ തുടർച്ചയാണ് തീവെപ്പ്. പ്രദേശത്ത് പോലീസ് കാവൽ തുടരുന്നതിനിയടിലാണ് സംഘർഷമുണ്ടായത്. ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. യഥാർത്ഥ പ്രതികളെ പോലീസ് പടികൂടാത്തതാണ് അക്രമം തുടരാൻ കാരണമെന്നും ബിജെപി ആരോപിക്കുന്നു. അതേ സമയം സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പ്രാദേശിക നേതൃത്വം പ്രതികരിച്ചു.