ആലപ്പുഴ: സര്‍ക്കാരിനെ പ്രശംസിച്ചും  പ്രതിപക്ഷ നേതാവ് ചെന്നിത്തലയേയും സുകുമാരന്‍ നായരേയും കടന്നാക്രമിച്ച്  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനാമനോഭാവത്തോടെ ഇത്രയധികം ആളുകളെ അണിനിരത്താന്‍ പിണറായി വിജയന്‍ മാത്രമേ സാധിക്കുകയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.  വനിതാ മതില്‍ ജാതി മതിലാണെന്നും ആളുകളെ വേര്‍തിരിക്കുന്നതാണെന്നുമാണ് രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരും ആവര്‍ത്തിച്ച് പറഞ്ഞത്. 

എന്നാല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രി സ്ഥാനം ചോദിച്ച് വാങ്ങിയത് എല്ലാവര്‍ക്കും അറിയാം. അന്ന് ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍ സ്ഥാനം ലഭിക്കണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അതായത് നായര്‍ സമുദായക്കാരനായ തനിക്ക് ആഭ്യന്തരം നല്‍കണമെന്നാണ് പറ‌ഞ്ഞത്. ഇതില്‍ സുകുമാരന്‍ നായരുടെ ഇടപെടലും ഉണ്ടായതായും വെള്ളാപ്പള്ളി പറഞ്ഞു.

ഭൂരിപക്ഷ സമുദായ ഐക്യം പറഞ്ഞ് നടന്ന ഞങ്ങളെ പോലെയുള്ള പല ഘടകകക്ഷികളോടും ആലോചിച്ചില്ല. ഇത്തരത്തില്‍ ജാതി പറ‍ഞ്ഞ് അധികാരം ചോദിച്ചു വാങ്ങുന്നവരാണ് ജാതി വേര്‍തിരിവിനെ കുറിച്ച് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറ‌ഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തേക്കുറിച്ചോ നവോത്ഥാന മൂല്യങ്ങളെക്കുറിച്ചോ കാര്യമായ പരാമര്‍ശം വെളളാപ്പള്ളി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.