ശിവഗിരിയില്‍ യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ച് നിന്ന് പോരാടണമെന്ന് അമിത് ഷാ പറഞ്ഞത്.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് ഇന്നലെ വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. അമിത് ഷായെ തള്ളി ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി ബിജെപിക്കൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കുമെന്നും എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമുണ്ട് പക്ഷേ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി പുനപരിശോധന ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവഗിരിയില്‍ യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ച് നിന്ന് പോരാടണമെന്ന് അമിത് ഷാ പറഞ്ഞത്. എസ്എന്‍ഡിപിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഹിന്ദു സമൂഹത്തിന് നല്ലതെന്നും അമിത് ഷാ പറ‍ഞ്ഞിരുന്നു.