മൈക്രോഫൈനാന്‍സ് വിഷയത്തില്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് നീക്കത്തിലെ നിലപാട് എന്തായിരിക്കണമെന്ന് ചര്‍ച്ച ചെയ്യാനാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തു. മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കാന്‍ പത്ര, ദൃശ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കും.

വി.എസിനെ രൂക്ഷമായി വിമര്‍ശിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയെന്ന തന്ത്രമാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നത്. ചുരുങ്ങിയ കാലത്തിനിടെ നല്ലഭരണം കാഴ്ച്ച വെക്കാന്‍ പിണറായി വിജയന് കഴിഞ്ഞെന്ന് പറഞ്ഞ വെള്ളാപ്പള്ളി ദുര്‍വ്യവഹാരിയായ രാഷ്‌ട്രീയ നേതാവെന്നാണ് വി.എസിനെ വിശേഷിപ്പിച്ചത്. ആരുടെയൊക്കെയൊ വാക്കുകേട്ടാണ് വിഎസ്സിന് തെറ്റിദ്ധാരണയുണ്ടായത്. ഇക്കാര്യവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.