കേരളത്തിലെ നേതാക്കള്‍ക്ക് ഭരിക്കാന്‍ പ്രാപ്തിയില്ലെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് നേരന്ദ്രമോദി അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതെന്ന് വെള്ളാപ്പള്ളി നടേശന്‍. സി.പി.എം ആവശ്യപ്പെട്ടാല്‍, ബി.ഡി.ജെ.എസിന്റെ ഇടതുപ്രവേശനത്തിന് മധ്യസ്ഥനാകാമെന്നും വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അല്‍ഫോ‍ന്‍സ് കണ്ണന്താനത്തിന്റെ കഴിവിനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം കേരളത്തിലെ ബി.ജെ.പി നേതാക്കളെ അടിക്കാനും വെള്ളാപ്പള്ളി മറന്നില്ല. കേരളത്തിലെ നേതാക്കള്‍ക്ക് ഭരിക്കാന്‍ പ്രാപ്തിയില്ലെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് നേരന്ദ്രമോദി അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ബി.ഡി.ജെ.എസ്, എന്‍.ഡി.എ വിട്ടാല്‍ മാത്രമേ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാവൂ എന്ന് പറഞ്ഞ വെള്ളാപ്പള്ളി, ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയോട് അടുപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പാര്‍ട്ടി രൂപീകരിക്കും മുമ്പ് ഇടതുമുന്നണിയുമായി സംസാരിച്ചിരുന്നു. അന്ന് അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഗതികേട് കൊണ്ടാണ് അന്ന് ബി.ഡി.ജെ.എസ്, എന്‍.ഡി.എയില്‍ ചേര്‍ന്നത്. സി.പി.എം ആവശ്യപ്പെട്ടാല്‍, ബി.ഡി.ജെ.എസിന്റെ ഇടതുപ്രവേശനത്തിന് മധ്യസ്ഥനാകാമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് താന്‍ ഇടതുമുന്നണിയുമായി സംസാരിച്ചിരുന്നു. അന്ന് അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇനി ബി.ഡി.ജെ.എസ്സിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയാല്‍ പിണറായിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.