മലപ്പുറം: മനസാക്ഷി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നും പ്രഖ്യാപിച്ചു. ഇനി മുതല്‍ ബിഡിജെഎസിന്‍റെ പരിപാടികള്‍ക്ക് പോവില്ലെന്നും മലപ്പുറത്തേക്ക് പ്രചരണത്തിനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് വെള്ളാപ്പള്ളി നടേശന്‍ സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിച്ച ബിഡിജെഎസ് മെച്ചപ്പെട്ട പ്രകടനവും കാഴ്ചവെച്ചു.പക്ഷേ ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല. വെള്ളാപ്പള്ളി പരസ്യമായി ബിജെപി സംസ്ഥാന നേതൃത്വത്തെ തള്ളി. അതിനിടെയെത്തിയ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ക്ക് മനസാക്ഷി വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സജീവമായ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് ഇനിയില്ല. ബിഡിജെഎസ്സിന്റെ പരിപാടികള്‍ക്കും പോവില്ല. എസ്എന്‍ഡിപിയും എസ്എന്‍ ട്രസ്റ്റുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസ്സിന്റെ മറ്റ് നേതാക്കളും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മലപ്പുറത്ത് വോട്ട് തേടിയെത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ നിലപാട് എസ്എന്‍ഡിപി പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കും.
