പ്രവാസലോകത്തെ കുട്ടികളില്‍ സര്‍ഗാത്മകതയും സാമൂഹ്യ ബോധവും വളര്‍ത്താനും പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയാനും വേനല്‍തുമ്പികള്‍ വരുന്നു. അബുദാബി കേരളാ സോഷ്യല്‍സെന്‍ററില്‍ നടക്കുന്ന ക്യാമ്പില്‍ വേനല്‍തുമ്പി പരിശീലനം അന്തിമഘട്ടത്തിലാണ്.

ഈ വേനലവധിയില്‍ നാട്ടിലെ പാട്ടും കളിയും, മഴയും മാമ്പഴവും നഷ്‌ടമാകുന്ന കുട്ടികള്‍ക്കായി അവസരമൊരുക്കുകയാണ് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍. ഒന്നാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസു വരെയുള്ള വിവിധ പ്രായത്തിലുള്ള നൂറിലേറെ കുട്ടികള്‍. പാട്ടും, നൃത്തവും, നാടകവും, ശില്‍പശാലയുമായി അബുദാബിയിലെ പിരിശീലന കളരിയെ ബഹളമയമാക്കുന്നു.

മലയാള ഭാഷയേയും സംസ്കാരത്തെയും കുട്ടികളിലേക്ക് കൂടുതല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സോഷ്യല്‍ സെന്‍റര്‍ വേന്ല്‍ തുമ്പികള്‍ സംഘടിപ്പിച്ചത്.

തഴക്കം വന്ന നടീനടന്‍മാരെപോലെയാണ് കൊച്ചുമിടുക്കന്മാരുടെ സ്റ്റേജിലെ വേഷപകര്‍ച്ച. നാണം കുണുങ്ങിയും മടിച്ചും, കരഞ്ഞും ക്യാമ്പിനെത്തിയ പലരും സഭാകമ്പം വെടിഞ്ഞ് പക്വതയാര്‍ന്ന കലാകാരന്മാരായി മാറി.

തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള മണിപ്രസാദാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. കൂട്ടുകൂടിയും കഥകള്‍ പറഞ്ഞും അക്ഷരാര്‍ത്ഥത്തില്‍ അവധിക്കാലം ആഘോഷമാക്കി മാറ്റുകയാണ് പ്രവാസലോകത്തെ കുട്ടികള്‍.