മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീംലീഗില്‍ നടന്നത് നാടകീയ രംഗങ്ങള്‍‍. അവസാന നിമിഷം വരെ നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലാണ് കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ കെഎന്‍എ ഖാദര്‍ ലീഗ് നേതാക്കളെ നേരിട്ട് കണ്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഖാദറിന്‍റെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ നേതൃത്വം വഴങ്ങി.

 കെ.എന്‍.എ ഖാദറിനായി ലീഗിലെ ഒരു വിഭാഗം ഉയര്‍ത്തിയ സമ്മര്‍ദം വിജയിക്കുകയായിരുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന യൂത്ത് ലീഗ് ശക്തമായി വാദിച്ചിരുന്നെങ്കിലും വിജയിച്ചില്ല. സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്ന് കെഎന്‍എ ഖാദര്‍ ഭീഷണി മുഴക്കിയതായാണ് സൂചനകള്‍. ഇത് യു.എ. ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.