Asianet News MalayalamAsianet News Malayalam

വേണുഗോപാലൻ നായരുടെ മൃതശരീരം ബിജെപിയുടെ സമരപ്പന്തലിൽ എത്തിച്ചു

രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നിരവധി ബിജെപി പ്രവർത്തകരുടെ അകമ്പടിയോടെയാണ് മൃതശരീരം സമരപ്പന്തലിൽ എത്തിച്ചത്. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് സി.കെ.പത്മനാഭനും മറ്റ് ബിജെപി നേതാക്കളും മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു.

venugopalan nair's dead body brought to BJP's strike front
Author
Thiruvananthapuram, First Published Dec 14, 2018, 3:29 PM IST

തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ മൃതശരീരം ബിജെപിയുടെ സമരപ്പന്തലിൽ എത്തിച്ചു. രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നിരവധി ബിജെപി പ്രവർത്തകരുടെ അകമ്പടിയോടെയാണ് മൃതശരീരം സമരപ്പന്തലിൽ എത്തിച്ചത്.

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് സി.കെ.പത്മനാഭനും മറ്റ് ബിജെപി നേതാക്കളും മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് പ്രവർത്തകരുടെ അകമ്പടിയോടെ മൃതദേഹം സംസ്കാരത്തിനായി തിരുവനന്തപുരം ശാന്തികവാട് ശ്മശാനത്തിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വേണുഗോപാലൻ നായർ ബിജെപിയുടെ സമരപ്പന്തലിന് സമീപം ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ശരീരത്തിൽ തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുഗോപാലൻ നായർ വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി സംസ്ഥാനസർക്കാർ ആണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാനവ്യാപകമായി ഹർത്താൽ നടത്തുകയാണ്.

അതേസമയം ജീവിതം തുടരാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന വേണുഗോപാലൻ നായരുടെ മരണമൊഴി ഇതിനിടെ പുറത്തുവന്നിരുന്നു. ബിജെപിയുടെ ശബരിമല സമരവുമായോ ശബരിമല പ്രശ്നുവുമായോ മരണത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് ഔദ്യോഗിക വാർത്താക്കുറിപ്പും ഇറക്കി. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി പൊലീസ് രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് ബിജെപിയുടെ എതിർവാദം.

വേണുഗോപാലന്‍  നായര്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താൽ യാത്രക്കാരെ വലച്ചു . സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കാര്യമായി സര്‍വീസ് നടത്താത്തത് ശബരിമല തീര്‍ത്ഥാടകരെയടക്കം പ്രതിസന്ധിയിലാക്കി. ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ പാലക്കാട് മൂന്ന് കെഎസ്ആര്‍ടിസി ബബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. 

ഇതിനിടെ, തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ പ്രതിഷേധവുമായി കോഴിക്കോടും തിരുവനന്തപുരത്തും വ്യാപാരികൾ രംഗത്തെത്തി. ഇനിയുള്ള ഹർത്താലുകളിൽ രാഷ്ട്രീയം നോക്കാതെ കടകൾ തുറക്കുമെന്ന് വ്യാപാരികൾ പറയുന്നു.  പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios