മുതിന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാംഗവുമായ ആർ.കെ. ധവാൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. രണ്ടു പതിറ്റാണ്ട് ഇന്ദിരാഗാന്ധിക്കൊപ്പം പ്രവർത്തിച്ച ആർ.കെ. ധവാൻ എഴുപതുകളിലെ രാഷ്ട്രീയത്തിൻറെയും ഇന്ദിരാഗാന്ധി വധത്തിന്റേയും നേര്‍ സാക്ഷിയാണ്. 

ദില്ലി: മുതിന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാംഗവുമായ ആർ.കെ. ധവാൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. രണ്ടു പതിറ്റാണ്ട് ഇന്ദിരാഗാന്ധിക്കൊപ്പം പ്രവർത്തിച്ച ആർ.കെ. ധവാൻ എഴുപതുകളിലെ രാഷ്ട്രീയത്തിൻറെയും ഇന്ദിരാഗാന്ധി വധത്തിന്റേയും നേര്‍ സാക്ഷിയാണ്. അസുഖത്തെതുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആ‍ർകെ ധവാനെ ദില്ലിയിലെ ബിഎൽ കപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. 

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും അനുശോചിച്ചു. പിഎ ആയി 1962ൽ പതിനേഴാം വയസ്സിലാണ് ആർകെ ധവാൻ ഇന്ദിരാഗാന്ധിക്കൊപ്പം എത്തിയത്. പിന്നീട് 22 കൊല്ലം ധവാൻ ഇന്ദിരയ്ക്കൊപ്പം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്തെ അധികാര കേന്ദ്രങ്ങളിൽ ഒന്നായി മാറി സഞ്ജയ് ഗാന്ധിയുടെയും വിശ്വസ്തനായിരുന്ന ധവാൻ. 1984 ഒക്ടോബർ മുപ്പത്തിയൊന്നിന് ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു വീഴുമ്പോൾ ഏതാനും അടി മാത്രം പിന്നിൽ നില്ക്കുകയായിരുന്നു ധവാൻ. 

ഇന്ദിരാഗാന്ധി വധക്കേസിൽ ധവാൻ സാക്ഷിയായി. ധവാൻറെ വാക്കുകൾ വിശ്വസനീയമല്ലെന്ന ജുഡീഷ്യൽ കമ്മീഷൻ പരാമർശം വിവാദങ്ങൾക്ക് ഇടയാക്കി. പിന്നീട് കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ ധവാൻ രാജ്യസഭയിലും എത്തി. കേരളത്തിലെ കോൺഗ്രസ് തർക്കങ്ങളിൽ പലപ്പോഴും ധവാൻ നിരീക്ഷകനായെത്തി. ഇന്ത്യൻ രാഷ്ട്രീയത്തിലെ കലുഷിത ദിനങ്ങളിലെ നിർണ്ണായക നീക്കങ്ങൾ അടുത്തു നിന്ന് കണ്ട നേതാവാണ് വിടപറയുന്നത്.