താജ്മഹല്‍ കവാടം തകര്‍ക്കാന്‍ സംഘ്​പരിവാര്‍ ശ്രമം ചുറ്റികകളും കമ്പിപ്പാരകളുമായി മുപ്പതോളംപേർ സംഘത്തിലുണ്ടായിരുന്നു.

ദില്ലി: താജ്മഹല്‍ കവാടം തകര്‍ക്കാന്‍ സംഘ്​പരിവാര്‍ ശ്രമം. പടിഞ്ഞാറ്​ ഭാഗത്തെ കവാടം തകര്‍ക്കാനാണ് വിഎച്ച്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലി​​​ന്റെ പടിഞ്ഞാറേ കവാടം നില്‍ക്കുന്നത്. ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നാരോപിച്ചാണ്​ പൊളിക്കാന്‍ ​ശ്രമിച്ചത്​​. ചുറ്റികകളും കമ്പിപ്പാരകളുമായി മുപ്പതോളംപേർ സംഘത്തിലുണ്ടായിരുന്നു. താജ്മഹലിനെക്കാള്‍ മുമ്പ് തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങള്‍ പൊളിച്ചു മാറ്റുന്നതെന്നും വിഎച്ച്‌​പി നേതാവ്​ രവി ദുബേ പറഞ്ഞു. ആര്‍ക്കിയോളിക്കല്‍ സര്‍വേ ഒാഫ്​ ഇന്ത്യയുടെ പരാതിയില്‍ പൊലീസ്​ കേസെടുത്തു.രവി ദുബേ, മൊഹിത് ഷർമ, നിരഞ്ജൻ പതക്, മദൻ വർമ, എന്നിവർക്കെതിരെ പൊതുസ്വത്ത് നശിപ്പിച്ചതിന് കേസെടുത്തു.