ദില്ലി: ജെഎന്‍യു കാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി വൈസ് ചാന്‍സിലര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈന്യത്തോടുള്ള അടുപ്പം കൂടുന്നതിനായാണ് ഇത്തരത്തില്‍ ടാങ്ക് സ്ഥാപിക്കാന്‍ ജെഎന്‍യു വിസി എം.ജഗദീഷ് കുമാറിന്‍റെ നിര്‍ദ്ദേശം. കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ ഓര്‍മ്മകളില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ഇത്തരം അഭിപ്രായം ഉയര്‍ന്നത്. 

ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വി.കെ. സിങ് എന്നിവരോടാണ് ഇത്തരത്തിലുള്ള ആവശ്യം. ക്യാമ്പസിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്ന് പ്രധാന്‍ പറഞ്ഞു. ഭാരത് മാതാ കി ജെ എന്നൊക്കെ ഇവര്‍ പറയുന്നു. വഞ്ചകരുടെ സഹായമില്ലാതെ ഇന്തയെ കീഴടക്കാന്‍ പുറത്തുനിന്നൊരു ശക്തിക്കും കഴിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. 

ചടങ്ങിന്റെ ഭാഗമായി 2,200 അടി ഉയരമുള്ള നീളമുള്ള ത്രിവര്‍ണ പതാകയുമായി തിരംഗ യാത്രയും നടത്തി. പരിപാടിയില്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും വെറ്ററന്‍ ഇന്ത്യ എന്ന വിരമിച്ച സൈനികരുടെ സംഘടനയിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.