ചണ്ഡീഗഡ്: ഞാനെന്തിന് മുഖം മറയ്ക്കണം? തെറ്റ് ചെയ്തത് അവരല്ലേ... അങ്ങനെ വരുമ്പോള്‍ അവരല്ലേ മുഖം മറയ്‌ക്കേണ്ടത്..? ഹരിയാന ബി.ജെ.പി നേതാവിന്റെ മകനടക്കമുള്ളവരുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ ചോദ്യങ്ങളാണിത്. ഫേസ്ബുക്കിലെ ശക്തമായ പ്രതികരണത്തിന് പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് യുവതിയുടെ പ്രതികരണം.
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഞാന്‍ എന്തിന് ലജ്ജിക്കണം, മുഖം കാണിക്കാന്‍ മടി കാണിക്കണം. ചണ്ഡീഡഡില്‍ സ്ത്രീകള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. എപ്പോഴും എവിടെ വേണമെങ്കിലും ഇത് സംഭവിക്കാം. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഈ സംഭവങ്ങള്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മനസ് ഒന്ന് പാളിയിരുന്നെങ്കില്‍ ഞാന്‍ ക്രൂരമായ ബലാത്സംഗത്തിനിരയാകുമായിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്- യുവതി പറയുന്നു.
ഈ സംഭവത്തോടു കൂടി നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങുവീണതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ ഇല്ല എന്നും ഏതു സമയത്തും എവിടേക്ക് യാത്ര ചെയ്യേണ്ടി വന്നാലും അത് ചെയ്യുമെന്നും ആരെയും പേടിച്ച് വീട്ടിലിരിക്കില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അവര്‍ തന്നെയാണ്. ഏതു സാഹചര്യവും നേരിടാന്‍ സ്ത്രീകള്‍ ആര്‍ജ്ജവം കാണിക്കണം. തനിക്ക് ഒരു പുരുഷന് ലഭിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യവും മാതാപിതാക്കള്‍ നല്‍കിയിരുന്നു. അതു തന്നെയാണ് ഇങ്ങനെയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെടാനായതും. എല്ലാ മാതാപിതാക്കളും ആണ്‍മക്കള്‍ക്ക് നല്‍കുന്ന പരിഗണന പെണ്‍കുട്ടികള്‍ക്കും നല്‍കണം അവര്‍ക്ക് ശക്തി പകരാന്‍ അത് സഹായിക്കുമെന്നും യുവതി പറയുന്നു.
വെള്ളിയാഴ്ച രാത്രിയാണ് കാര്‍ പിന്തുടര്‍ന്നെത്തിയവര്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബരാളയുടെ മകന്‍ വികാസ് ബരാളയും സുഹൃത്ത് ആശിഷും അറശസ്റ്റിലായിരുന്നു. പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരിലും മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിലുമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
