കാലിഫോര്‍ണിയയില്‍ അപകടത്തില്‍പ്പെട്ട കാര്‍ രണ്ടാം നിലയിലെത്തിയതിന്‍റെ ചിത്രവും വാര്‍ത്തയും ഭീതിയോടെയും കൗതുകതത്തോടെയുമാണ് ലോകം കണ്ടത്. എന്നാല്‍ അവിശ്വസനീയമായ ഈ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു നിമിഷം ഫോട്ടോഷോപ്പ് എന്ന് തോനുന്നതാണ് അപകടത്തിന്‍റെ ചിത്രമെങ്കിലും അതീവ ശക്തിയില്‍ ഇടിച്ച് തെറിച്ചാണ് കാര്‍ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെത്തിയത്. 

ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് കാലിഫോര്‍ണിയയിലെ സാന്‍റാ ആനയിലായിരുന്നു സംഭവം. ദന്ത ഡോക്ടറുടെ ഓഫീസിന്‍റെ രണ്ടാം നിലയിലേക്കാണ് വെള്ള സെഡന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചെത്തിയത്. രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് ഉടനടി പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കിലും കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഒരു മണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങി കിടക്കേണ്ടി വന്നു. 

ഓഫീസിന്‍റെ താഴത്തേ നിലയില്‍ ഫയലുകളും മറ്റുമാണ് സൂക്ഷിച്ചിരുന്നത്. ഇതിന് ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് എടുത്തത്. വാഹനമോടിച്ചയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു.