ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങില്‍ തമിഴ് ഗീതം ആലപിക്കുന്നതിനിടെ കാഞ്ചി ശങ്കരാചാര്യ എഴുന്നേറ്റുനില്‍ക്കാതിരുന്നത് വിവാദമാകുന്നു. ഗവര്‍ണറും മറ്റു വിശിഷ്ട വ്യക്തികളും ഗീതത്തോടുളള ആദരസൂചകമായി എഴുന്നേറ്റു നിന്നപ്പോള്‍ കാഞ്ചി ശങ്കരാചാര്യ ഇരിപ്പിടത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്വാമി ധ്യാനത്തിലായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.

ചെന്നൈയില്‍ മ്യൂസിക്ക് അക്കാദമിയുടെ ചടങ്ങിലായിരുന്നു സംഭവം. തമിഴ് നാടിന്റെ മാതാവിനെ വര്‍ണിക്കുന്ന സംസ്ഥാന ഗീതം ആലപിച്ചപ്പോഴാണ് കാഞ്ചി ശങ്കരാചാര്യയുടെ വിവാദ പെരുമാറ്റം. ഗവര്‍ണറും മറ്റു വിശിഷ്ട വ്യക്തികളും എഴുന്നേറ്റുനില്‍ക്കുമ്പോള്‍ കാഞ്ചി ശങ്കരാചാര്യ ഇരിപ്പിടത്തില്‍ തന്നെ ഇരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുന്ന ആത്മീയ നേതാവ് തമിഴ് നാടിന്റെ സംസ്ഥാന ഗീതം ആലപിക്കുമ്പോള്‍ എന്തുകൊണ്ട് എഴുന്നേറ്റുനിന്നില്ല എന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. 

കാഞ്ചി കാമക്കോടി പീഠത്തിന്റെ 70-ാമത് ശങ്കരാചാര്യയായ വിജയേന്ദ്ര സരസ്വതിയാണ് വിവാദത്തില്‍ അകപ്പെട്ടത്. സംഭവത്തെകുറിച്ച് എഐഎഡിഎംകെയും ബിജെപിയും പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം പ്രസ്തുത സമയത്ത് സ്വാമി ധ്യാനത്തിലായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.