ബര്‍ഗഢ്: ഓഡീഷയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നടുറോഡില്‍ പീഡനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതികള്‍ പൊലീസ് പിടിയിലായി. ബര്‍ഗഢ് ജില്ലയിലാണ് നാണം കെടുത്തുന്ന സംഭവം അരങ്ങേറിയത്. ഒരു കൂട്ടം ആളുകള്‍ യൂണിഫോമിലുള്ള വിദ്യാര്‍ഥിനിയെ നടുറോഡില്‍ അപമാനിക്കുന്നതാണ് ദൃശ്യങ്ങളില്‍. പെണ്‍കുട്ടിയെ അക്രമിക്കുന്നവര്‍ മുഖം മറച്ചിരിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആളെയും അക്രമികള്‍ മര്‍ദ്ദിക്കുന്നുണ്ട്. തന്നെ വിട്ടയക്കണമെന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രതികള്‍ ഇത് ചെവികൊള്ളാതെ വലിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോവുകയാണ്. പെണ്‍കുട്ടിയെ മുഖം മറച്ച ആള്‍ മുന്നോട്ട് വലിച്ച് നടക്കുകയും പിന്നില്‍ നിന്നത്തിയ മുഖം മറച്ച മറ്റൊരാള്‍ പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. 

വീഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാന പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ച ആളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട് ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.