മസ്ക്കറ്റ്: ബാലഭാരതിയുടെ നേതൃത്വത്തിൽ നൂറിലധികം കുരുന്നുകൾ ഒമാനിൽ ആദ്യാക്ഷരം കുറിച്ചു. മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ളബ്ബ് മലയാളം വിഭാഗവും വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയിരുന്നു. വാരാന്ത്യമായിരുന്നതിനാൽ നല്ല തിരക്കായിരുന്നു ഇരു കേന്ദ്രങ്ങളിലും അനുഭവപെട്ടത്.
100 ലധികം കുരുന്നുകളെയാണ് അക്ഷര ലോകത്തിലേക്കു മസ്‌കറ്റിലെ ബാല ഭാരതി തയ്യാറാക്കിയിരുന്ന വിദ്യാരംഭ ചടങ്ങിൽ എഴുത്തിനു ഇരുത്തിയത്. അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുവാൻ മാതാപിതാക്കളോടൊപ്പം എത്തിയ കുഞ്ഞു കുട്ടികളുടെ നല്ല തിരക്കായിരുന്നു പുലർച്ചെ 5 മണി മുതൽ കാണുവാൻ സാധിച്ചത്.
ഇരുപതിലധികം വര്‍ഷങ്ങളായി ബാലഭാരതി മസ്കറ്റിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള അക്ഷര തളികയിൽ, ഗുരുക്കൻമാർ പരമ്പരാഗത രീതിയിൽ തന്നെ കുഞ്ഞുങ്ങളെ അക്ഷരം കുറിക്കുവാൻ തയ്യാറാക്കി. തമിഴ് , ഹിന്ദി , സംസ്‌കൃതം തുടങ്ങിയ ഭാഷയിലും കുട്ടികളെ എഴുത്തിനു ഇരുത്തുവാനുള്ള ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.
മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗവും വിദ്യാരംഭത്തിന് രാവിലെ തന്നെ പ്രതെയ്ക വേദി തയ്യാറാക്കിയിരുന്നു. സലാല , സൊഹാർ ഇബ്രി സൂർ എന്നി ഒമാനിലെ പ്രധാന ഉൾ പ്രദേശ പട്ടണങ്ങളിലെ പ്രവാസി മലയാളികളും വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
