തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് തട്ടിപ്പ് കണ്ടെത്താന് വിജിലന്‍സിന്റെ പരിശോധന. 14 ജില്ലാ ആശുപത്രികളിലും വിജിലന്സ് സംഘം മിന്നല്‍ പരിശോധന നടത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കേണ്ട മരുന്നുകള് പൂഴ്ത്തിവച്ച് സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ ലോബികള്‍ക്ക് മറിച്ചു വില്‍ക്കുന്നു , കൃത്രിമ മരുന്ന് ക്ഷാമം വരുത്തുന്നു, കാലാവധി കഴിഞ്ഞ മരുന്ന് വില്‍ക്കുന്നു തുടങ്ങി ഒരു പിടി പരാതികളാണ് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയ്‌ക്ക് മുന്നിലെത്തിയത്.

പകര്‍ച്ചപനി, ഡെങ്കി അടക്കം പടരുന്ന സാഹചര്യത്തില്‍ മരുന്നുകള്‍ വിലകൂട്ടി വില്‍ക്കുന്നത് അടക്കം നിരവധി പ്രശ്നങ്ങള്‍, വിജിലന്‍സിന്റെ ഇന്റലിജന്സ് വിഭാഗവും കണ്ടെത്തയിരുന്നു. ഇവയെല്ലാം പരിഗണിച്ചായിരുന്നു സംസ്ഥാന വ്യാപക പരിശോധന. 14 ജില്ലകളിലും നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ ആണ് നിര്‍ദേശം.

ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എസ്‌പി മാര്‍ തയ്യാറാക്കി സമര്‍പ്പിക്കും. എസ്‌പിമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈക്കോള്ളേണ്ട തുടര്‍നടപടികള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് വിജിലന്‍സ് ഡയറക്ടറുടെ നീക്കം.