അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് കഴിഞ്ഞ  പത്ത് വര്‍ഷം നല്‍കിയ ശമ്പളത്തിന്‍റെയും അദ്ദേഹം സമര്‍പ്പിച്ച വസ്തുവകകളുടെയും വിശദാംശങ്ങള്‍ തേടി വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കി. അതേ സമയം, ടോം ജോസിനെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ച മുന്പ് കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ വിജിലന്‍സ് തലപ്പത്ത് വന്‍ പ്രതിഷേധമുയരുകയാണ്.  സാക്ഷികളുടെ മൊഴിയെടുക്കുന്നത് ഉള്‍പ്പെടെ  അന്വേഷണത്തെ ഇത് ബാധിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 27 നാണ്, തൊഴില്‍ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസിനെതിരെ അനധികൃത സ്വത്ത് സന്പാദനത്തിന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്. വരുമാനത്തേക്കാ്ള്‍ 62 ശതമാനം അനധികൃത സ്വത്തുണ്ടെന്നാണ് വിജിലന്‍സിന്‍റെ ആരോപണം. മാത്രമല്ല 2010 മുതല്‍ 2106 വരെയുള്ള കാലയളവില‍ ഒരു കോടി 19 ലക്ഷം രൂപ ടോം ജോസ് അനധികൃതമായി സന്പാദിച്ചതായി എഫ്ഐആറില്‍പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ടോം ജോസിനെ സസ്പെന്‍റ് ചെയ്യണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ ടോം ജോസ്  സര്‍വീസില്‍ തുടരുന്നത് സുഗമമായ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ മൂന്നാഴ്ച മുന്പ് നല്‍കിയ കത്തില്‍ ഇതേവരെയും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ഇതോടെ അന്വേഷണവും വഴിമുട്ടി. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറാവില്ല എന്നതാണ് പ്രധാന പ്രശ്നം. മാത്രമല്ല സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ നിന്നു മറ്റ് ഏജന്‍സികളില്‍ നിന്നുമുള്ള വിവരശേഖരണത്തേയം  ഇത് ബാധിക്കും.അനധികൃ സ്വത്ത് സന്പാദനക്കേസില്‍  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെതിരെ   കത്ത് ലഭിച്ച് നാലു ദിവസത്തിനകം യുഡിഎഫ് സര്‍ക്കാര്‍ അദ്ദേഹംത്തെ  സസ്പെന്‍റ് ചെയ്തിരുന്നു. അതേസമയം അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച  ഇടത് സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം. ഐഎഎസ് ലോബിയുടെ ശക്തമായ എതിര്‍പ്പാണ് ടോം ജോസിനെതിരെ നടപടിയെടുക്കുന്നതില്‍ നിന്നു സര്‍ക്കാരിനെ പിറകോട്ട് വലിക്കുന്നത് എന്നാണ് സൂചന. ഇതിനിടെ ടോം ജോസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍  ആവശ്യപ്പെട്ട് വിജിലന്‍സ് വിവിധ വകുപ്പുകള്‍ക്ക് കത്തു നല്‍കി.കഴിഞ്ഞ 10 വര്‍ഷം വാങ്ങിയ ശമ്പളം, ഭൂമി ഉള്‍പ്പെടെയുള്ള വസ്തുവകകളുടെ  വിവരങ്ങള്‍ , നികുതി റിട്ടേണുകള്‍, തുടങ്ങിയവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടോം ജോസിന്‍റെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ തന്നെ വിജിലന്സ് മരവിപ്പിച്ചിട്ടുണ്ട്.\