കൊച്ചി: ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി റദ്ദാക്കി. കേസുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അവസാനിപ്പിക്കുകയാണെന്നും വിജിലന്‍സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേസ് നിലനില്‍ക്കുന്നതല്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കുന്നതായും കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനവും ഉണ്ടായി. ആരുടെ പ്രേരണ പ്രകാരമാണ് കേസെടുത്തത്. നിലനില്‍ക്കാത്ത കേസ് എടുത്തത് ആര്‍ക്കു വേണ്ടിയാണെന്നും ആരുടെ വായ അടപ്പിക്കാനാണെന്നും കോടതി ആരാഞ്ഞു. എല്ലാം കോടതിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണോ എന്നും വിമര്‍ശിച്ചു.
ബന്ധുനിയമന കേസില്‍ അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്നും ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനൊപ്പമാണ് ഹൈക്കോടതിയിലും വച്ചത്.
ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കേ ബന്ധുക്കളെ സുപ്രധാന പദവികളില്‍ നിയമിച്ചതാണ് വിവാദമായത്. ഭാര്യ സഹോദരി പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമനമാണ് ഇതില്‍ ഏറ്റവും വിവാദമായത്. കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചതിനു പിന്നാലെ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. ജേക്കബ് തോമസിന്റെ പ്രത്യേക താല്‍പര്യമാണ് കേസിനു പിന്നിലെന്നായിരുന്നു ജയരാജന്റെ ആരോപണം.
